ആമുഖം
 

പഴയ മദിരാശി ഗവൺമെന്റ് പ്രഖ്യാപിച്ച മൂന്ന് പഞ്ചായത്തുകളിൽ ഒന്നായ പയ്യന്നൂർ പഞ്ചായത്ത് 1935-ൽ ആണ് രൂപികൃതമായത്. 54.63 ച കി മി വിസ്‌തീർണ്ണമുള്ള പയ്യന്നൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് വി.ജി നായനാർ ആയിരുന്നു. 1990 ൽ പയ്യന്നൂർ പഞ്ചായത്ത് പയ്യന്നൂർ നഗരസഭയായി പ്രഖ്യാപിച്ചു. 2014 ൽ ഒന്നാം ഗ്രേഡ് നഗരസഭയായി ഉയർത്തപ്പെട്ടു.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് പയ്യന്നൂർ. കണ്ണൂർ കാസർഗോഡ് ദേശീയ പാതയിലാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ സുബ്രമണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ ഊര്' എന്ന അർത്ഥത്തിലാണ് ഈ പേര് വന്നത്. സുബ്രമണ്യനെ പയ്യൻ എന്നും വിശേഷിപ്പിക്കാറുണ്ട്. പയ്യന്നൂർ പവിത്ര മോതിരം ഏറെ പ്രശസ്‌തമാണ്. ക്ഷേത്രത്തിന്റെ പുനർനിർമ്മാണ സമയത്ത് രൂപകൽപ്പന ചെയ്യപ്പെട്ടതാണ് പവിത്രമോതിരം. പരശുരാമൻ ബ്രാഹ്മണരെ കുടിയിരുത്തിയ ഗ്രാമങ്ങളിലൊന്ന് പയ്യന്നൂരാണെന്ന് കരുതപ്പെടുന്നു. ആര്യൻമാരുടെ അധിനിവേശത്തോടെ കാവുകളും തറകളും ക്ഷേത്രങ്ങളായി മാറി. കോലത്തിരി രാജാവിന്റെ സാമന്തൻമാരും അവരുടെ ഇടപ്രഭുക്കൻമാരും ഇവിടെ ഭരിച്ചിരുന്നു. 
വിവരണം:
വില്ലേജ് : പയ്യന്നൂർ,വെള്ളൂർ,കോറോം
താലൂക്ക് : പയ്യന്നൂർ
അസംബ്ലി മണ് ഡലം : പയ്യന്നൂർ
പാർലമെന്റ് മണ്ഡ‌ലം : കാസറഗോഡ്
അതിരുകൾ:
കിഴക്ക്': കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്ത്, എരമം കുറ്റൂർ പഞ്ചായത്ത്
തെക്ക് :രാമന്തളി ചെറുതാഴം കുഞ്ഞിമംഗലം പഞ്ചായത്തുകൾ
വടക്ക് : കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ്, എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് : തൃക്കരിപ്പൂർ, വലിയപറമ്പ പഞ്ചായത്തുകൾ

കായലുകളും ചതുപ്പുകളും തോടുകളും അതിരിടുന്ന പയ്യന്നൂർ നഗരസഭയെ ഭൂപ്രകൃതി അനുസരിച്ച് ഇടനാടൻ കുന്നുകൾ, തീരസമതലം, പുഴയോരചതുപ്പുകൾ എന്നിങ്ങനെ മൂന്നായി തിരിക്കാവുന്നതാണ്. 12 സെന്റ് മുതൽ 150 സെന്റ് വരെ വിസ്തൃ‌തിയുള്ള പ്രധാന കുളങ്ങൾ ഉൾപ്പെടടെ 25 ഓളം കുളങ്ങളും നൂറോളം ചെറുകുളങ്ങളും ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകളാണ്. നഗരസഭയിലെ കാർഷിക മേന്മ നിലനിർത്തുന്നതിന് ഇവയുടെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതാണ്.

ഒട്ടനവധി പാരിസ്ഥിതിക സവിശേഷതകൾ നിറഞ്ഞ ഒരു പ്രദേശമാണ് പയ്യന്നൂർ നഗരസഭ. നിലക്കാത്ത നീരുറവകൾക്ക് പേരുകേട്ട കാനങ്ങൾ, കണ്ടൽ കാടുകൾ നിറഞ്ഞ പുഴയോരങ്ങൾ, സമതലക്കാടുകളുടെ അവശിഷ്ടമായ കാവുകൾ തുടങ്ങിയവ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സഹായകമായി വർത്തിക്കുന്നു. ജൈവവൈവിധ്യങ്ങൾ നിലനിർത്തുന്ന തണ്ണീർതടങ്ങൾ, കണ്ടൽ കാടുകൾ നഗരസഭപ്രദേശത്തുണ്ട്.
കാർഷിക മേഖലയ്ക്ക് വളരെ പ്രധാന്യമുള്ള പയ്യന്നൂർ നഗരസഭയ്ക്കകത്ത് നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികൾ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ ചെറിയ തോതിൽ കുരുമുളക്, കശുമാവ്, റബ്ബർ എന്നിവയും കൃഷിചെയ്‌തു വരുന്നുണ്ട്. നഗരസഭയിൽ സർക്കാർ സ്‌കൂളുകളും എയിഡഡ് സ്‌കൂളുകളും ഉൾപ്പെടെ 12 എൽ.പി സ്‌കൂളുകളും 8 യു.പി സ്‌കൂളുകളും 2 ഹൈസ്‌കൂളുകളും 5 ഹയർസെക്കന്ററി സ്‌കൂളുകളും അൺ എയിഡഡ് വിഭാഗത്തിൽ അംഗീകൃത വിദ്യാലയങ്ങളും പ്രവർത്തിച്ചു വരുന്നു.
സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന ഒട്ടനവധി മഹാൻമാർ പയ്യന്നുരിന്റെ അഭിമാനമായി നിലകൊള്ളുന്നു. പേരെടുത്തു പറയാവുന്ന സാഹിത്യ നായകൻമാർക്കും മഹാപ്രതിഭകളായ സംസ്കൃ‌ത പണ്ഡിതൻമാർക്കും ജന്മം നൽകിയ നാടാണ് പയ്യന്നൂർ. ഒരു ജനതയെ സംസ്ക്‌കാര സമ്പന്നരാക്കാനുള്ള മുഖ്യ ഉപാധി അവരെ അക്ഷര സ്നേഹികളാക്കുക എന്നതാണ്. നിലവിൽ പയ്യന്നൂർ നഗരസഭക്കകത്ത് 38 ഓളം ഗ്രന്ഥാലയങ്ങൾ ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. കലാസാംസ്ക്കാരിക രംഗത്തും നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും 50ലേറെ സമിതികളും കായിക പ്രതിഭകൾക്ക് പരിശീലനം നൽകുന്നതിനുള്ള ഒട്ടേറെ ക്ലബ്ബുകളും പയ്യന്നൂരിന്റെ മുതൽ കൂട്ടാണ്.
കാർഷിക മേഖലയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്ന നഗരസഭയ്ക്കകത്ത് ധാരാളം നെൽവയലുകൾ തൊഴിലാളികളുടെ ദൗർലഭ്യം മൂലവും ജലസേചന സൗകര്യങ്ങളുടെ കുറവ് മൂലവും, ഉപ്പ് വെള്ളം കയറുന്നത് മൂലവും തരിശായി ക്കിടക്കുന്നതിന് കാരണമാകുന്നു. 
പാലിന്റെ ഉത്പാദനവും വർഷം തോറും കുറഞ്ഞ് വരുന്നു. പരമ്പരാഗത വ്യവസായത്തിലും പൊതുവിൽ പുതുതലമുറയുടെ താൽപര്യക്കുറവും വ്യവസായ മേഖല അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.
ക്ഷീര കർഷകരുടെ എണ്ണം പ്രതിവർഷം കുറഞ്ഞു വരുന്നു. ഏഴോളം ഇറച്ചിക്കോഴി ഫാമുകളും നഗരസഭയിൽ പ്രവർത്തിക്കുന്നു. മുട്ടക്കോഴി വളർത്തുന്ന ഫാമുകൾ നിലവിൽ എവിടേയും പ്രവർത്തിക്കുന്നില്ല.
നഗരസഭയിൽ ചെറുകിട വ്യവസായരംഗത്ത് പരമ്പരാഗത വ്യവസായങ്ങളായ കൈത്തറി, ഖാദി, കയർ, ബീഡി, മൺപാത്രനിർമ്മാണം, വെങ്കലശിൽപം, പാത്ര നിർമാണം എന്നിവ ചെറിയ തോതിൽ പ്രവർത്തിച്ചു വരുന്നു. പുതിയതായ ചെറുകിട/കുടിൽ വ്യവസായം എന്ന നിലയിൽ ഒട്ടനവധി സംരഭങ്ങൾ ഭക്ഷ്യോൽപാദന രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ലൈറ്റ് എഞ്ചിനീയറിംഗ്, മരപ്പണിയുമായി ബന്ധപ്പെട്ട യൂനിറ്റുകൾ എന്നിവ പ്രവർത്തിക്കുന്നു. കോറോം വില്ലേജിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വ്യവസായ എസ്റ്റേറ്റ് പ്രവർത്തിക്കുന്നു.

നഗരസഭയിലെ ഉൾനാടൻ ജലാശയങ്ങളെ ആശ്രയിച്ച് മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ കുറവാണ്. ഇവരുടെ ജീവിത നിലവാരവും മെച്ചപ്പെട്ടതല്ല. മത്സ്യബന്ധനത്തിലുപരി മത്സ്യ വിൽപ്പനയും അനുബന്ധ ജോലികളിലും ഏർപ്പെടുന്നുണ്ട്. ശുദ്ധജല ഓരുജല മത്സ്യകൃഷി എന്നിവ കുറഞ്ഞതോതിൽ നടന്നു വരുന്നു.
ആരോഗ്യരംഗത്ത് വമ്പിച്ച മുന്നേറ്റമുണ്ടാക്കുന്നതിന് നഗരസഭക്കും ആരോഗ്യവകുപ്പിനും . സാധിച്ചിട്ടുണ്ട്. പയ്യന്നൂർ ഗവൺമെന്റ്റ് താലൂക്കാശുപത്രി, ഗവ: ആയുർവേദ ആശുപത്രി കണ്ടോത്ത്, ഗവ:ഹോമീയോ ഡിസ്പെൻസറി കാനായി, കൂടാതെ നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളും നഗരസഭയിൽ പ്രവർത്തിച്ചു വരുന്നു. പഴയങ്ങാടി താലൂക്കാശുപത്രിയുടെ കീഴിൽ പയ്യന്നൂർ നഗരസഭ പരിധിയിൽ 9 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു