സാമൂഹികവും സാംസ്‌കാരികവുമായ അവസ്ഥ
പയ്യന്നൂരിന്റെ നാഥനായ് കരുതപ്പെട്ട പയ്യന്റെ (സുബ്രഹ്മണ്യന്റെ) ദേശനാമമാണ് പയ്യന്നൂർ ആയതെന്ന് കരുതുന്നു. അപൂർണവും അഞ്ജാതകർതൃകവുമായ ഒരു ഗാനഭൂതിയാണ് പയ്യന്നൂർ പാട്ട്. പയ്യന്നൂർ പാട്ടിനെപ്പറ്റി ചില പരാമർശങ്ങൾ നടത്തിയത് ഹെർമ്മൻ ഗുണ്ടർട്ടാണ്. പാട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കച്ചിൽ പട്ടണം കവ്വായി ആണെന്ന് കരുതുന്നു. മലയാളത്തിലെ ആദ്യ കൃതിയായാണ് പയ്യന്നൂർ പാട്ടിനെ പരിഗണിക്കപ്പെടുന്നത്. ഈ നാഗരികാവസ്ഥ പയ്യന്നൂരിന് കൈവരുന്നതിനു മുൻപ് കവ്വായി പട്ടണമായിരുന്നു ഈ ദേശത്തിന്റെ കേന്ദ്രസ്ഥാനം. തുറമുഖപട്ടണമായിരുന്നു കവ്വായി എന്നതിന് പഴയ ചില പോസ്റ്റ് കവറുകളും പുരാതനമായ ചില ആചാരങ്ങളും തെളിവായി നിൽക്കുന്നു. കരമാർഗ്ഗമുള്ള ഗതാഗതം സാധാരണമായതോടെ കവ്വായിയുടെ പ്രാധാന്യം കുറയുകയും പല ചരിത്ര സ്മൃതികളുടേയും കേന്ദ്രമായ പയ്യന്റെ ഊരു തേടി വിദേശികളടക്കമുള്ള നിരവധി ആളുകൾ ഇവിടം സന്ദർശിച്ചു. ഐതിഹ്യങ്ങളിൽ, പരശുരാമൻ ബ്രാഹ്മണരെ കൂടിയിരുത്തിയ അറുപത്തിനാല് ഗ്രാമങ്ങളിലൊന്നായി പയ്യന്നൂരിനെ വിശേഷിപ്പിക്കുന്നുണ്ട്. സാംസ്കാരികമായതടക്കമുള്ള മാറ്റം കൈവന്നത് ആര്യൻമാരുടെ അധിനിവേശത്തോടെയായിരുന്നു. അതുവരെ കാവുകളും തറകളുമായി വർത്തിച്ച കേന്ദ്രങ്ങൾ ക്ഷേത്രങ്ങളായി പരിണമിക്കപ്പെട്ടു. പുതിയ പല ആചാരങ്ങൾക്കും ഈ കാലഘട്ടം വഴിമാറി. പുതിയ നാട്ടുപ്രമാണിമാർ രൂപപ്പെടുകയും നാട്ടുനടപ്പുകൾ അവരുടെ ഇച്ഛ പൂർത്തീകരിക്കാനുള്ള തന്ത്രങ്ങളുമായി. കൊറ്റവെ തുടങ്ങിയ കാളീസങ്കൽപങ്ങൾ ദുർഗ്ഗയായി മാറി. രാജ്യത്തിന്റെ ഭരണത്തിൽ കോലത്തിരി തമ്പുരാന്റെ സാമന്തൻമാരും അവരുടെ കീഴിലെ ഇടപ്രഭുക്കൻമാരും സ്വാധീനം ചെലുത്തി. തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്മ തുടങ്ങിയവ മുക്തി ലഭിക്കുന്നതിന് അനിവാര്യമായി നിർവ്വഹിക്കേണ്ടതാണെന്ന വിശ്വാസം പരക്കെ സ്വീകാര്യത നേടി. എണ്ണത്തിൽ വളരെ കുറവായ ധനിക ഭൂവുടമകൾ അധികാരത്തിന്റെ ചുക്കാൻ പിടിക്കാൻ, നിസ്വരായ വലിയൊരു വിഭാഗം, മേലാളൻമാരുടെ ചൂഷണങ്ങൾക്ക് വിധേയമായി അദ്ധ്വാനിക്കുന്നവർ എന്നിങ്ങനെ സമൂഹം വിഭജിക്കപ്പെട്ടു. സവർണ മേധാവിത്വം അതിന്റെ എല്ലാ ശൗര്യത്തോടെയും നടപ്പാക്കിയ പല തരത്തിലുള്ള ശിക്ഷാവിധികൾക്കും വിധേയരായി, ഒപ്പം അവരുടെ പാദ സേവകരായി കഴിഞ്ഞുപോയ ഒരു ഗതകാല ചരിത്രം നമ്മുടെ പയ്യന്നൂരിനുണ്ട്.
അയൽ ഗ്രാമങ്ങളിൽ കന്നുകാലികളോടൊപ്പം കഴിഞ്ഞുപോകാൻ വിധിക്ക പ്പെട്ട പാവങ്ങളെ ധനികർ വില കൊടുത്ത് വാങ്ങിയിരുന്നതും ചരിത്രം എരുമക്കാലികൾക്കൊപ്പം രണ്ട് വേട്ടുവ യുവാക്കളേയും വിറ്റതായി എഴുത്തൻ പൊയിലിലെ വീട്ടിൽ രാമൻ, കമ്പല്ലൂർ കോട്ടയിൽ രാഘവൻ നമ്പ്യാർക്ക് കൊടുത്ത വിലച്ചീട്ടിൽ വിവരിച്ചതായി പറയുന്നു.
സമൂലമായ ഒരു മാറ്റം ഒട്ടൊക്കെ കൈവന്നത് സൈമൺ കമ്മീഷൻ ബഹിഷ്ക്കരണത്തോടെ, ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ പയ്യന്നൂരിലും കേൾക്കാൻ തുടങ്ങിയപ്പോഴായിരുന്നു. സി എച്ച് ഗോവിന്ദൻ നമ്പ്യാരുടെ നേതൃത്വത്തിൽ വൈദേശിക ഭരണത്തിനെതിരെ, ദേശാഭിമാനികളുടെ കൂട്ടായ്മക്ക് ശ്രമങ്ങൾ നടന്നിരുന്നു. ഇത്തരം ശ്രമങ്ങളുടെ ഫലമായാണ് 1928 മെയ് 26ന് ജവഹർലാൽ നെഹ്റുവിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ്സിന്റെ രാഷ്ട്രീയ മഹാസമ്മേളനം പയ്യന്നൂരിൽ വച്ച് നടന്നത്. ജന്മിത്ത ചൂഷണത്തിനും അയിത്താചരണത്തിനുമെതിരെ നെഹ്റുവിന്റെ വാക്കുകൾ പയ്യന്നൂരിലെ ജനഹൃദയങ്ങളിൽ പതിഞ്ഞു. പൂർണമ്ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിച്ച ആ മഹാസമ്മേളനം പിന്നീട് ജനസമൂഹത്തിൽ ഒരു നവോത്ഥാന മുന്നേറ്റത്തിന്റെ പ്രതീതി സൃഷ്ടിച്ചു. സാമൂഹ്യ പുരോഗതിക്ക് തടസ്സം നിൽക്കുന്ന ദുരാചാരങ്ങൾ അവസാനിപ്പിക്കാനും ബഹുഭൂരിപക്ഷത്തെ സാക്ഷരരാക്കാനും അതോടനുബന്ധിച്ച് വലിയ ശ്രമങ്ങൾ തന്നെ നടന്നു. ഇത്തരം ശ്രമങ്ങൾ 18 ാം നൂറ്റാണ്ടിന്റെ അവസാനത്ത് തന്നെ തുടങ്ങിയിരുന്നതിന്റെ തെളിവായി നമ്മുടെ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ബി.ഇ.എം.എൽ.പി സ്ക്കൂളിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ചെറിയ കുറ്റിക്കാടുളള സ്ഥലം വെട്ടിത്തെളിച്ച് മാടായി പുതിയ വീട്ടിൽ നാരായണൻ മാസ്റ്റർ ഒരു ചെറിയ ഓലപ്പുര നിർമ്മിച്ചതാണ് പയ്യന്നൂർ കൊക്കാനിശ്ശേരിയിൽ ആദ്യമായി സ്ഥാപിതമായ വിദ്യാലയം. സർക്കാർ തലത്തിൽ നിരവധി തടസ്സങ്ങൾ നേരിട്ടതിനാൽ നാരായണൻ മാസ്റ്റർ ആ വിദ്യാലയം ബാസൽ മിഷന് വിട്ടുകൊടുക്കുകയും ബി ഇ എം എൽ പി സ്ക്കൂൾ പിറവിയെടുക്കുകയും ചെയ്തു.
ദേശീയ പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടത്തിൽ പയ്യന്നൂർ രണ്ടാം ബർദോളി എന്നറിയപ്പെട്ടു. ബർദോളിയിൽ അരങ്ങേറിയ നികുതി നിഷേധവും നിയമലംഘനവും വിദേശ സർക്കാറിനെ ബഹിഷ്‌ക്കരിക്കുവാനുള്ള ആഹ്വാനവും പയ്യന്നൂരിലും മുന്നേറ്റം സംഘടിപ്പിച്ചതിനാലാണ് പയ്യന്നൂർ രണ്ടാം ബർദോളി എന്നറിയപ്പെട്ടത്. ഗാന്ധിജിയുടെ ആഹ്വാനവും തുടർന്ന് ഭഗത്‌സിംഗ്, സുഖദേവ്, രാജഗുരു എന്നീ ദേശാഭിമാനികളുടെ നിഷ്‌ഠൂരമായ കൊലയും വിദ്യാർത്ഥികളിലും സമരത്തിന്റെ ജ്വാലയായെത്തി. വിദ്യാർത്ഥികൾ ക്ലാസ്സുകൾ ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കാനും ജാഥകൾ സംഘടിപ്പിക്കാനും മുന്നോട്ട് വന്നു. ഇതിന് ശിക്ഷാനടപടികളായി അന്ന് ക്ലാസ്സുകൾ ബഹിഷ്ക്കരിച്ച് സമരം ചെയ്‌തവരിൽ എൻ സുബ്രഹ്മണ്യ ഷേണായ്, കണ്ടങ്കാളിയിലെ ആർ നാരായണപൊതുവാൾ, കുഞ്ഞിമംഗലത്തെ ടി സി കുഞ്ഞപ്പൻ നമ്പ്യാർ, കക്കറയിലെ കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാർ, ആന്ധ്ര കണ്ണപ്പൊതുവാൾ തുടങ്ങിയവരെ സ്കൂളിൽനിന്ന് പുറത്താക്കുകയുണ്ടായി. ഈ ശിക്ഷാനടപടിയാകട്ടെ, ദേശീയപ്രസ്ഥാനവുമായി വിദ്യാർത്ഥികളെ കൂടുതൽ അടുപ്പിക്കാൻ ഇട നൽകി. ഈ സംഭവവികാസങ്ങൾ വിദേശഭരണത്തിനെതിരായി ദേശീയ പ്രസ്ഥാന സമര മുന്നേറ്റങ്ങൾക്ക് പയ്യന്നൂർ സജ്ജമാവാൻ ഹേതുവായി. അങ്ങിനെയാണ് പയ്യന്നൂർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അവിസ്‌മരണീയ ഏടായ ഉപ്പുസത്യാഗ്രഹത്തിന് വേദിയാകുന്നത്. കോഴിക്കോട്ടുനിന്നും കാൽനടയായി കെ കേളപ്പന്റേയും പി കൃഷ്ണപ്പിള്ളയുടേയും നേതൃത്വത്തിൽ 32 ദേശാഭിമാനികളടങ്ങുന്ന സംഘം പയ്യന്നൂരിലെ ഉളിയത്ത് കടവിലേക്ക് മാർച്ച് ചെയ്തു. അവിടെ അവർ നിയമലംഘനം നടത്തി. ഉപ്പു കുറുക്കി ചരിത്രം സൃഷ്ടിച്ചു. അടുത്ത ദിവസം രാമന്തളി കടപ്പുറത്ത് ഉപ്പ് കുറുക്കാനെത്തിയവർക്കു നേരെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും അറസ്റ്റ് ചെയ്തുകയുമുണ്ടായി. ആദ്യമായി അറസ്റ്റ് വരിച്ചത് ടി.സുബ്രഹ്മണ്യൻ തിരുമുമ്പ്, സി.എച്ച്.ഗോവിന്ദൻ നമ്പ്യാർ, മൊയാരത്ത് ശങ്കരൻ, ലക്ഷ്മണ ഷേണായി, പി.സി.കെ.അടിയോടി, മാങ്കുനി ശങ്കരൻ നമ്പ്യാർ എന്നീ ധീരരായ ദേശാഭിമാനികളായിരുന്നു. എന്നാൽ വളണ്ടിയർ ക്യാമ്പ് ആക്രമിച്ച് അറസ്റ്റ് ചെയ്ത കുഞ്ഞിരാമൻ അടിയോടി അലിപുരം സെൻട്രൽ ജയിലിൽ വച്ച് വീരമൃത്യു വരിക്കുകയായിരുന്നു. പിന്നെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മാർപ്പണം ചെയ്ത ആ ദേശാഭിമാനി ഇന്നും പയ്യന്നൂരിന്റെ ദേശീയപ്രസ്ഥാനം സ്മൃതി പഥത്തിൽ ആദരണീയനായി പരിഗണിക്കപ്പെടുന്നു. വിദേശാധിപത്യത്തിനെതിരെയുള്ള പയ്യന്നൂരിലെ പോരാട്ടത്തിൽ മറ്റൊരു പ്രധാനപ്പെട്ട അദ്ധ്യായം മറിച്ചിട്ട പീരങ്കിക്ക് മുകളിൽ കയറി പ്രസംഗിച്ച് അറസ്റ്റ് വരിച്ച വി എം ഗോവിന്ദൻ നമ്പീശന്റെതാണ്. പിന്നീട് പീരങ്കി നമ്പീശൻ എന്നറിയപ്പെട്ട അദ്ദേഹമാണ് പയ്യന്നൂരിലും പരിസരങ്ങളിലും ഹിന്ദിയുടെ പ്രചാരണത്തിന് അടിസ്ഥാനശിലയിട്ടത്. പല നാടുവഴികളിലൂടേയും ചില റോഡുകളിലൂടേയും താഴ്ന്ന ജാതിക്കാർക്ക് സഞ്ചാരവിലക്കുള്ളത് ലംഘിക്കാൻ എ കെ ജി, കേരളീയൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ടോത്ത് റോഡിൽക്കൂടി ഹരിജന ജാഥ നയിക്കുകയുണ്ടായി. ഗുരുതരമായി പോലീസിനാൽ ഇരുവരും ആക്രമിക്കപ്പെട്ടതറിഞ്ഞ് അവരെ കാണാനും, സംഭവത്തെക്കുറിച്ചറിയാനും ആനന്ദതീർത്ഥൻ അവിടെയെത്തി. അവിടുന്നങ്ങോട്ട് ഹരിജനോദ്ധാരണത്തിന് സ്വന്തം ജീവിതം തന്നെ സമർപ്പിച്ച് സ്വാമി ആനന്ദതീർത്ഥരായി മാറുകയായിരുന്നു. നിരവധിയായ ക്ലേശങ്ങൾ സഹിച്ച് പയ്യന്നൂർ വടക്കേബസാ റിൽ സ്ഥാപിച്ച ശ്രീ നാരായണ വിദ്യാലയം നിരവധിയായ ഹരിജന വിദ്യാർത്ഥിക ളുടെ ആശ്രയകേന്ദ്രമായി മാറിയിട്ടുണ്ട്. ഇന്നും ആ സ്ഥാപനം ഉന്നതിയുടെ ശൃംഘല യിൽത്തന്നെയാണ്.
ഹരിജന ഫണ്ട് ഏറ്റുവാങ്ങാൻ 1934ൽ ഗാന്ധിജി പയ്യന്നൂർ സന്ദർശിക്കുകയു ണ്ടായി. ഗാന്ധിജി നട്ട മാവും ഗാന്ധിജിയുടെ ചിതാഭസ്‌മം സൂക്ഷിച്ച സമാധിസ്ഥവും ശ്രീനാരായണ വിദ്യാലയത്തിൽ സംരക്ഷിച്ചു പോകുന്നുണ്ട്. ഗാന്ധിജിയുടെ സന്ദർശനത്തിനുശേഷം ഒരു വർഷമായപ്പോൾത്തന്നെ ബീഹാർ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ഏറ്റുവാങ്ങാൻ ഡോ. രാജേന്ദ്രപ്രസാദും പയ്യന്നൂരിലെത്തി. 1935 ൽ പയ്യന്നൂരിൽ ഹിന്ദി വിദ്യാപീഠം സ്ഥാപിതമായി. സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന ആ കാലത്ത്, ദേശാഭിമാനിയായ എ കെ കുഞ്ഞിരാമപൊതുവാളിന്റെ ഭാര്യ സരസ്വതിയമ്മ ആദ്യമായി ബ്ലൗസ് ധരിച്ച് മറ്റു സ്ത്രീകൾക്ക് മാതൃക കാട്ടി ജൻമിത്തത്തിനും സവർണ വാഴ്‌ചക്കുമെതിരായ സമരം ഒപ്പം തന്നെ മുന്നോട്ടു കൊണ്ടുപോകുവാനായി പയ്യന്നൂരിനടുത്ത ആലക്കാട്ട്, മണിപ്പുഴ ഇല്ലം നമ്പൂതിരി തന്റെ കൂടിയാനായ ക്‌ടാരൻ ചന്തുവിനെ കുടി ഒഴിപ്പിച്ചപ്പോൾ എ കെ ജി, പി.കൃഷ്‌ണപ്പിള്ള, എ വി കുഞ്ഞമ്പു എന്നിവരുടെ നേത്യത്വത്തിൽ കർഷകരെ അണിനിരത്തി. ശക്തമായ സമരം തന്നെ നടത്തുകയുണ്ടായി. ഒടുവിൽ മണിപ്പുഴ നമ്പൂതിരിയെ അവർ നേർവഴിക്കെത്തിച്ചു. ഈ കർഷക സമര വിജയിച്ചതിനെ തുടർന്ന് അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനായുള്ള നിരവധിയായ മുന്നേറ്റങ്ങൾക്ക് തിരി കൊളുത്തി. ജൻമിമാർ ഏർപ്പെടുത്തിയ ശീലക്കാശ്, കാണിപ്പണം, സ്ഥിരം പാട്ടം, വിശ്വാസതീര് തുട ങ്ങിയ കർഷക ദ്രോഹപരമായ നിരവധി പിരിവുകൾ നൽകാതിരിക്കാനുള്ള പ്രേരണ കർഷകർക്കുണ്ടായി. ഈ കർഷക മുന്നേറ്റത്തോടൊപ്പം തന്നെ ഇതര മേഖലകളിലെ തൊഴിലാളികളേയും ദേശീയപ്രസ്ഥാനത്തിലേക്കാകർഷിച്ച് അവകാശ സമരങ്ങൾക്കായി അണിനിരത്താൻ നേതാക്കൾ മൂന്നോട്ട് വന്നു. അതിന്റെ തുടർച്ചയെന്നോണമാണ് 1935 ൽ അസംഘടിതരായ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് എൻ സുബ്രഹ്മണ്യ ഷേണായി നമ്മുടെ പ്രദേശത്ത് തൊഴിലാളി പ്രസ്ഥാനത്തിന് ആരംഭം കുറിച്ചത്. ബീഡി തൊഴിൽശാലകളിലും ചായക്കടകളിലും പത്രവായനയും തുടർന്നുള്ള ചർച്ചയും ക്രമേണ സജീവമായി വന്നു. ക്രമേണ വായനശാലയുടെ അനിവാര്യത ബോധ്യപ്പെടുകയും 1935ൽ പയ്യന്നൂരിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന വായനശാലയായ എൽ എൽ എ സ്ഥാപിക്കപ്പെടുകയും ചെയ്തു. നില വിലുണ്ടായിരുന്ന അയിത്താചാരത്തിനെതിരെ എ കെ ജി യുടെ നേതൃത്വത്തിൽ കണ്ടോത്തേക്ക് നടത്തിയ പ്രതിഷേധ ജാഥ ആക്രമിച്ചതിലുള്ള കുറ്റബോധവും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളോടുള്ള ആഭിമുഖ്യവും കാരണം ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ കണ്ടോത്ത് 1932ൽ ഒരു വായനശാല സ്ഥാപിക്കപ്പെട്ടു.
ദേശീയ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെ ടുത്ത് കെ വി ശേഖരപൊതുവാൾ, കെ പി കുഞ്ഞിരാമപൊതുവാൾ, എ വി ശ്രീക പൊതുവാൾ, വി പി നാരായണപൊതുവാൾ തുടങ്ങിയവർ അറസ്റ്റ് വരിച്ചു. പെറ്റ നാടിന്റെ മോചന സമരത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനുമുന്നിലെ കൊടിമരത്തിൽ, പോലീസുകാരുടെ കണ്ണുവെട്ടിച്ച് ത്രിവർണ്ണ പതാക ഉയർത്തിയ അന്നൂരിലെ ടി സി വി കുഞ്ഞിരാമപൊതുവാൾ, കൂടെ സഹായി കുഞ്ഞമ്പു സ്രാപ്പ്, എ കെ കുഞ്ഞിരാമപൊതുവാൾ എന്നിവർ പയ്യന്നൂരിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതപ്പെട്ട പേരുകളാണ്. അതേ കൊടിമരത്തിൽ, മൊറാഴ ദിനമായ 1941 സെപ്തംബർ 15ന് കാപ്പാടി കുഞ്ഞിരാമനെന്ന ധീരനായ ബീഡിതൊഴിലാളി ചെങ്കൊടി ഉയർത്തിയ മഹത്തായ സംഭവവും ഇവിടെ സ്‌മരിക്കുന്നു. രണ്ടാം ലോകമഹായുദ്ധ ത്തിനുശേഷം അതീവ ദാരിദ്ര്യത്തിലേക്കെറിയപ്പെട്ട സമൂഹത്തെ കൂടുതൽ പട്ടിണിയിലേക്ക് ജൻമികൾ തള്ളിവിടുകയായിരുന്നു. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ജൻമിമാർ നെല്ല് പൂഴ്ത്തിവച്ചു. കൈ മെയ് മറന്ന് മണ്ണിൽ പൊന്ന് വിളയിച്ച കർഷകർക്ക് ന്യായവിലക്ക് പോലും ഒരു നെൽമണി നൽകില്ലെന്ന് ജൻമിമാർ നിലപാടെടുത്തു. ആലക്കോട് മാവില വീട്ടിൽ കുഞ്ഞമ്പു നമ്പ്യാർ ഈ നിലപാടെടുത്തതിൽ പ്രമുഖനായിരുന്നു. ഇതിനെതിരെ കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ ജൻമിയുടെ പത്തായം കുത്തിത്തുറന്ന് പട്ടിണിക്കാരായ കർഷകർക്കും മറ്റുള്ള ദരിദ്ര വിഭാഗ ത്തിനും വിതരണം ചെയ്തു. അടുത്ത ദിവസം തന്നെ പോലീസ് വൃന്ദം തോക്കുകളും ലാത്തിയുമായി കോറോത്തേക്കൊഴുകിയെത്തി. കർഷകർ ആത്മധൈര്യം കൈവിടാതെ പോലീസിനെ ചെറുത്തുനിന്നപ്പോൾ ബി.പൊക്കൻ എന്ന ഹരിജൻ യുവാവ് വെടിയുണ്ടക്കിരായയി. 1948 ഏപ്രിൽ 13 ന് പോലീസിന്റെ തേരോട്ടം തന്നെയായിരുന്നു. കർഷക യോദ്ധാക്കളായ മാരാങ്കാവിൽ കുഞ്ഞമ്പു, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ, എ കെ ചിണ്ടപൊതുവാൾ, നടുവളപ്പിൽ കോരൻ, കാനപ്പള്ളി അമ്പു, കാന പ്രവൻ അബ്ദുൾ ഖാദർ, പാപ്പിനിശ്ശേരി കേളുനമ്പ്യാർ എന്നിവർ പോലീസ് വെടിവെ പ്പിൽ രക്തസാക്ഷികളായി. പാവൂർ കണ്ണനെന്ന കർഷക പോരാളിക്ക് ഒരു കാൽ നഷ്ടപ്പെട്ടു. പോലീസിന്റെ നരനായാട്ടിനെതിരെ കർഷകരെ യോജിപ്പിച്ചുകൊണ്ട് എ വി കുഞ്ഞമ്പു, കെ എ കേരളീയൻ, സുബ്രഹ്മണ്യ ഷേണായി, വിഷ്ണു ഭാരതീയൻ എന്നിവർ മുൻനിരയിലണിനിന്നു. അങ്ങനെ എണ്ണമറ്റ ചെറുതും വലുതുമായ ചെറുത്തുനിൽപ്പിലൂടേയും സമര സന്നാഹങ്ങളിലൂടേയും നമ്മുടെ പയ്യന്നൂരും പരിസര പ്രദേശങ്ങളും കർഷകസംഘത്തിന്റെ അജയ്യ ശക്തി കേന്ദ്രങ്ങളായി പരിണമിക്കപ്പെട്ടു. കൃഷിഭൂമി കർഷകന് എന്ന വിഖ്യാത മുദ്രാവാക്യം 1957ൽ രൂപീകൃതമായ മന്ത്രി സഭ യാഥാർത്ഥ്യമാക്കിയതിൽ ഈ ധീരരക്തസാക്ഷികളുടേയും അവരുടെയൊപ്പം പോരാടിയവരുടേയും അവിശ്രമമായ പോരാട്ട ഫലം കൊണ്ടാണ്. അവരുടെ പിൻമുറക്കാരടങ്ങുന്ന ജനവിഭാഗങ്ങളുടെ ഇച്ഛയുടെ കൂടി ഫലമായിട്ടാണ് പയ്യന്നൂർ ദ്വയാംഗ മണ്ഡലത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പയ്യന്നൂരിന്റെ ആദ്യത്തെ മുഖ്യമന്ത്രി.
പയ്യന്നൂരിന്റെ സാംസ്‌കാരിക സമ്പന്നതയുടെ അടയാളമാണ് മഹാത്മാഗാന്ധി വധിക്കപ്പെട്ടതിനുശേഷം ഉചിതമായൊരു സ്‌മാരകം പയ്യന്നൂരിൽ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് സ്വരൂപിച്ച് വാങ്ങിയ ഗാന്ധി മൈതാനം. 1953ൽ ഭൂദാനപ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായ ആചാര്യ വിനോബാജി ഗാന്ധിമൈതാനത്തിൽ വന്നിട്ടുണ്ട്. പയ്യന്നൂരിന്റെ സാംസ്‌കാരിക സമ്പന്നത കീർത്തിയാർജ്ജിച്ചതാണ്. മലയാളത്തിൽ ആദ്യകാലങ്ങളിൽ കാവ്യരചന നടത്തിയ പ്രതിഭകളിൽ പ്രമുഖരായ ആനിടിൽ എഴുത്തച്ഛൻ, പോത്തേര എഴുത്തച്ഛൻ, കടിത്തിപ്പള്ളി കൃഷ്‌ണൻ മൂത്ത നമ്പ്യാർ, കാനാ കമ്മാരനെഴുത്തച്ഛൻ, രാമനെഴുത്തച്ഛൻ, കരിപ്പത്ത് കമ്മാരനെഴുത്ത ച്ഛൻ എന്നിവർ പയ്യന്നൂരിന്റെ പാരമ്പര്യത്തെ ധന്യമാക്കിയ മഹദ് വ്യക്തികളായിരുന്നു. ഇവർ ആയുർവ്വേദം, ജ്യോതിഷം, സംസ്കൃത പഠനം എന്നിവക്ക് പയ്യന്നൂർ പണ്ടേ പേരു കേട്ടിരുന്നു. ഈ വിഭാഗത്തിൽ, കുമാരവിലാസിനി സംസ്കൃത വിദ്യാലയം ആദ്യകാല വിദ്യാലയങ്ങളിലൊന്നായിരുന്നു. ഇന്ത്യാ ഗവൺമെന്റിനുവേണ്ടി ദേശീയ പഞ്ചാംഗ നിർമ്മാതാവായ ഗണിത ജ്യോതിഷ ചക്രവർത്തി വി പി കെ പൊതുവാൾ, പ്രസിദ്ധ നിയമഞ്ജനായ ജസ്റ്റിസ് വി ശിവരാമൻ നായർ, ആയുർവ്വേദ ചികിത്സാ വിഭാഗത്തിൽ പ്രഗൽഭരായ വി പി ശ്രീകണ്ഠപൊതുവാൾ, ഇടവലത്ത് കണ്ണൻ വൈദ്യർ, കോടി വൈദ്യർ, തായമ്പത്ത് വൈദ്യർ, സംസ്കൃത ഭാഷാ പണ്ഡി്തരായ കുന്നത്ത് മനയിൽ വാസുദേവൻ തിരുമുമ്പ്, ടി ടി രാമൻ പണിക്കർ തുടങ്ങിയ പ്രഗൽഭരുടേയും പ്രതിഭാശാലികളുടേയും നിര പയ്യന്നൂരിന്റെ യശസ്സ് ഉയർത്തിയവരാണ്. ആ കാലഘട്ടത്തിലെ പ്രശസ്‌ത കഥാകാരനായ വേങ്ങയിൽ കേസരി കുഞ്ഞി രാമൻ നായനാർ ഇന്നും സാഹിത്യവേദിയിൽ പയ്യന്നൂരിന്റെ നാമം അലങ്കരിക്കാറുണ്ട്. നാടകരംഗത്തും നമ്മുടെ പ്രദേശം മികച്ച സംഭാവന നൽകിയിട്ടുണ്ട്. എ വി ശ്രീകണ്‌ഠപൊതുവാളിന്റെ "സേവാഗ്രാമത്തിലേക്ക്', കെ പി കുഞ്ഞിരാമപൊതുവാളുടെ "ഭാരതരഥം" തുടങ്ങിയ നാടക സൃഷ്‌ടികൾ പ്രദേശവാസികളിൽ വലിയ പ്രതികരണങ്ങൾ ഉണ്ടാക്കിയതാണ്.
ബഹുമുഖപ്രതിഭയും ബഹുഭാഷാ പണ്‌ഡിതനും എഴുത്തുകാരനും പ്രാസംഗികനുമെല്ലാമായിരുന്ന എ കെ കൃഷ്‌ണൻ മാസ്റ്റർ, സാഹിത്യ നിരൂപകൻ സി പി ശ്രീധ രൻ, പത്രപ്രവർത്തന മേഖലയിൽ നവചിന്താധാരയുടെ പ്രയോക്താവും തൊഴിലാളി സമൂഹത്തിന് മാർഗദർശിയുമായ പി കണ്ണൻ നായർ തുടങ്ങിയ പ്രതിഭകൾ ധന്യമാക്കിയ ഇടം കൂടിയാണ് നമ്മുടെ പയ്യന്നൂർ.
നാടൻ കലകൾ, അനുഷ്‌ഠാന കലകൾ, മറ്റ് നൃത്തകലാരൂപങ്ങൾ എന്നിവയുടേയും വിളനിലമാണ് പയ്യന്നൂർ. പുള്ളുവൻ പാട്ട്, തെയ്യം, പൂരക്കളി, കോൽക്കളി, കളരിയഭ്യാസം, പൊറാട്ട്, കളമെഴുത്ത് പാട്ട്, വണ്ണാൻകൂത്ത്, ദഫ്‌മുട്ട് തുടങ്ങി നാടൻ കലകളും അഭ്യാസമുറകളും നമ്മുടെ നാട്ടിൽ സാർവ്വത്രികമായി കണ്ടുവരുന്നുണ്ട്. കോൽക്കളിയുടെ പരിഷ്ക്കരിച്ച രൂപമായി ചരടുകുത്തി കോൽക്കളി, പ്രചാരം നേടി വരുന്നു. ഇതാകട്ടെ പയ്യന്നൂരിന്റെ തനത് കലാരൂപമായിട്ടാണ് അിറയപ്പെടുന്നത്. കഥകളിക്കും പേരുകേട്ടതാണ് പയ്യന്നൂർ ദേശം. വേങ്ങയിൽ തറവാടും താഴക്കാട്ട് മനയും പ്രത്യേകം കഥകളി സംഘത്തിന് ഉടമകളായിരുന്നു. കഥകളി രംഗത്ത് ഗുരു ചന്തുപ്പണിക്കർ, അമ്പുപ്പണിക്കർ, കാനാ കണ്ണൻ നായർ തുടങ്ങിയ മഹാനുഭാവൻമാർ പയ്യന്നൂരിന്റെ യശസ്സ് അന്യദേശങ്ങളിലെത്തിച്ചവരാണ്.
മതസൗഹാർദ്ദത്തിന് നമ്മുടെ പ്രദേശം ഉയർന്ന പരിഗണന എന്നും നൽകിയിരുന്നു. ഹിന്ദു, മുസ്ലീം, ക്രൈസ്‌തവ മതങ്ങളുടെ വിചാരധാരകൾ ഈ മണ്ണിൽ വേരിറങ്ങിയിട്ടുണ്ട്. ആദ്യകാല മുസ്ലീം ആരാധനാലയമായ കവ്വായി ജുമാ അത്ത് പള്ളി ഹിന്ദു മുസ്ലീം മത സൗഹാർദ്ദത്തിന്റെ നിരവധിയായ മുഹൂർത്തങ്ങൾക്ക് കേൾവി കേട്ടതാണ്. പുഞ്ചക്കാടുള്ള കൃസ്ത്യൻ പള്ളി, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കീർത്തി കേട്ടതാണ്. ഏച്ചിലാംവയലിൽ തീയ്യത്തിമാളിക എന്ന പേരിൽ ഇന്നും കാണുന്ന ഗുഹ നമ്മുടെ ഗതകാല സംസ്ക്കാരത്തിന്റെ ബാക്കിപത്രമെങ്കിൽ പ്രമുഖ സ്ഥാനത്താണ്. എണ്ണമറ്റ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പയ്യന്നൂർ പ്രദേശം പുരോഗമനാശയങ്ങളെയും പ്രവർത്തനങ്ങളെയും ഇരുകയ്യും നീട്ടി എന്നും സ്വീകരിച്ചിട്ടുണ്ട്.